മറ്റം: മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ മറ്റം സെന്റ് ഫ്രാൻസിസ് സ്കൂളുകൾ തിരികെ ലഭിച്ചതിനു നന്ദി സൂചകമായി മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയിൽ കൃതജ്ഞതാദിനം ആചരിച്ചു. ഇടവക ദേവാലയത്തിൽ 12 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയും തുടർന്ന് മറ്റം നിത്യസഹായ മാതാവിന്റെ തീർഥകേന്ദ്രത്തിലേക്ക് ജപമാല റാലിയും നടന്നു.
തീർഥകേന്ദ്രത്തിൽ വൈകീട്ട് ആറിനുനടന്ന കൃതജ്ഞതാബലിയർപ്പണത്തിനുശേഷം ഫാ. ഡോ. ഫ്രാൻസിസ് ആളൂർ തീർഥകേന്ദ്രത്തിൽ നിർമാണം ആരംഭിക്കുന്ന ടവറിന്റെയും മറ്റം സ്കൂളിൽ തുടങ്ങുന്ന നിർമാണ പ്രവർത്തനത്തിനുള്ള ശിലകളുടെയും ആശിർവാദം നടത്തി. തുടർന്ന് തീർഥകേന്ദ്രത്തിനുചുറ്റും ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരുന്നു. അസി. വികാരി ഫാ. ജിയോ വേലൂക്കാരനും ഡീക്കൻ മെബിൻ കീറ്റിക്കൽ, പള്ളി ട്രസ്റ്റിമാർ എന്നിവരും നേതൃത്വം നൽകി.